ചേരാനെല്ലൂർ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

 

ചേരാനെല്ലൂർ വാഹനാപകട കേസിൽ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പൊലീസിന് കൈമാറിയെന്നും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൂർണ്ണ പ്രതീക്ഷയുണ്ടെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു.

പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് അപകടമുണ്ടായ ശേഷം പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി സംഭവസ്ഥലത്തെത്തി ഏറെ നേരം ചെലവഴിച്ചെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് ഉയർന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) 238-ാം വകുപ്പ് കൂടി അന്വേഷണസംഘം കൂട്ടിച്ചേർത്തിരുന്നു. ഇതിനിടെ, അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതി ഇന്ന് വിധി പറയും. പ്രായപൂർത്തിയാകാത്ത പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നാണ് പൊലീസിന്റെ ആവശ്യം. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഈ ഹർജി പരിഗണിക്കുന്നത്. അതേസമയം, കേസിൽ പ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

അപകടമുണ്ടാക്കിയ 17കാരന്റെ ചിത്രങ്ങളും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പൊലീസ് 28 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈബർ പൊലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ഈ ലിങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.