മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു; രാജി അംഗീകരിച്ച് ഗവർണർ

 

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചു. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം ഉപേക്ഷിച്ചതിന് പിന്നാലെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവകരമാണെന്നും, ഈ മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ പൊരുതി നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണെന്നും പാർട്ടി വ്യക്തമാക്കി. വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും സെക്രട്ടേറിയേറ്റ് കൂട്ടിച്ചേർത്തു.

അതിദാരിദ്ര്യം പരിഹരിച്ചും ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയും കേരളത്തെ രാജ്യത്തിന് മാതൃകയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് സിപിഎം അവകാശപ്പെട്ടു. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ വളർത്താനും ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാനും സർക്കാരിന് സാധിച്ചു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായതെന്നും, പോരായ്മകൾ പരിഹരിച്ച് വരും ദിവസങ്ങളിൽ മുന്നോട്ട് പോകുമെന്നും പ്രസ്താവനയിൽ പറയുന്നു.