C- DITലെ 10 വർഷത്തെ ഇടപാടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

 

സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള പ്രമുഖ സ്ഥാപനമായ സി-ഡിറ്റിൽ (C-DIT) കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന ഇടപാടുകളിലും അഴിമതി ആരോപണങ്ങളിലും സംസ്ഥാന സർക്കാർ വിപുലമായ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്ത് സ്ഥാപനത്തിൽ നടന്നിട്ടുള്ള നിയമനങ്ങൾ, പദ്ധതി വിഹിതങ്ങൾ, ധനകാര്യ ഇടപാടുകൾ എന്നിവയെല്ലാം വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തിരുന്ന ഐ.ടി വകുപ്പിന് കീഴിലെ നിർണായക സ്ഥാപനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഭരണനേട്ടങ്ങളും മറ്റ് വാർത്തകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പി.ആർ പ്രവർത്തനങ്ങളുടെ മറവിൽ വ്യാപകമായ അഴിമതി നടന്നെന്നാണ് പ്രധാന ആരോപണം. പ്രോജക്റ്റുകൾ അനുവദിച്ചതിൽ നടന്നിട്ടുള്ള ക്രമക്കേടുകൾക്ക് പുറമെ, ഉന്നത ഉദ്യോഗസ്ഥർ കോഴ വാങ്ങിയെന്ന പരാതികളും വിജിലൻസ് പരിശോധിക്കും. ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ തുടരാൻ അനുവദിച്ചതും, കരാർ നിയമനങ്ങളിൽ നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചതും അന്വേഷണ വിധേയമാക്കും.

ശശി തരൂർ എം.പി, എം. വിൻസെന്റ് എം.എൽ.എ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥാപനത്തിലെ ജീവനക്കാരും നൽകിയ പരാതികളെ തുടർന്നാണ് ഈ നടപടി. ഉയർന്ന പരാതികൾ മുഖ്യമന്ത്രി വ്യവസായ മന്ത്രിക്ക് കൈമാറുകയും തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.