മുഖ്യമന്ത്രി പ്രഖ്യാപനം നീളാൻ സാധ്യത; അനിശ്ചിതത്വം തുടരുന്നതിനിടെ ഖാർഗെ കർണാടകയിലേക്ക് മടങ്ങി

 

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയും ഉണ്ടാകാനിടയില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് മടങ്ങിയതോടെയാണ് തീരുമാനം വീണ്ടും വൈകുമെന്ന സൂചനകൾ ശക്തമായത്.മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി. സുധാകറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഖാർഗെ കർണാടകയിലേയ്ക്ക് പോയത്.ഇതോടെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെക്കുറിച്ച് രാഹുൽ ഗാന്ധിയുമായി നടത്താനിരുന്ന നിർണായക ചർച്ച മാറ്റിവെക്കേണ്ടിവന്നു.

ഖാർഗെ തിങ്കളാഴ്ച ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമേ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും വിലയിരുത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഖാർഗെയുടെ വസതിയിൽ കഴിഞ്ഞ ദിവസം നടന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലും തീരുമാനമുണ്ടായിരുന്നില്ല.കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണനയിലുള്ളത്. ഇതിൽ കെ.സി. വേണുഗോപാലിന് ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ.അതേസമയം നേതാക്കളെ അനുകൂലിച്ച് അണികൾ നടത്തുന്ന പ്രകടനങ്ങളും പരസ്യപ്രതികരണങ്ങളും അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി ബന്ധപ്പെട്ട നേതാക്കളോട് നിർദേശിച്ചതായും വിവരം.