തൃശൂരിൽ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ കേസെടുത്ത് ബാലവകാശ കമ്മീഷൻ
തൃശൂർ കൂർക്കഞ്ചേരിയിൽ പരിക്കേറ്റ് ബാൻഡേജുമായി കൈക്കുഞ്ഞിനൊപ്പം വോട്ട് ചെയ്യാനെത്തിയ യുവതിക്ക് മണിക്കൂറുകളോളം വോട്ട് നിഷേധിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അക്ഷയ എന്ന യുവതിക്കും അവരുടെ പിഞ്ചുകുഞ്ഞിനുമാണ് പോളിങ് സ്റ്റേഷനിൽ ദുരനുഭവമുണ്ടായത്. സംഭവത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ ജില്ലാ കളക്ടറോട് കമ്മീഷൻ നിർദ്ദേശിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അക്ഷയ കൈക്കുഞ്ഞുമായി പോളിങ് സ്റ്റേഷനിൽ എത്തിയത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും കുട്ടികളുമായി എത്തുന്നവർക്കും മുൻഗണന നൽകണമെന്ന ചട്ടം നിലനിൽക്കെ, അക്ഷയയെ അഞ്ച് മണിക്കൂറോളം ക്യൂവിൽ നിർത്തി.
ഒടുവിൽ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം ഉയർത്തിയതോടെയാണ് വൈകുന്നേരം ആറരയോടെ ഇവർക്ക് വോട്ട് രേഖപ്പെടുത്താൻ സാധിച്ചത്. ചുട്ടുപൊള്ളുന്ന ചൂടിൽ കുഞ്ഞിനെ ഇത്രയും നേരം കാത്തുനിർത്തിയത് ഗുരുതരമായ വീഴ്ചയാണെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ പരിശോധിക്കണമെന്നും കമ്മീഷൻ നിരീക്ഷിച്ചു.