'മക്കൾ എന്നാണ് പറഞ്ഞത്, അതിൽ സ്ത്രീയും പുരുഷനും ഇല്ലേ'; സ്ത്രീവിരുദ്ധ പരാമർശ ആരോപണത്തിൽ വി.ഡി. സതീശൻ
സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം എന്ന പരാമർശത്തിനെതിരെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. താൻ പ്രസംഗിച്ചപ്പോൾ 'മകന്റെ ഭാര്യക്ക്' എന്ന് മാത്രമല്ല 'മക്കൾക്ക്' എന്നും പറഞ്ഞിരുന്നെന്നും, 'മക്കൾ' എന്നതിൽ സ്ത്രീയും പുരുഷനും ഉൾപ്പെടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ചെങ്ങന്നൂരിൽ നടന്ന 14-ാമത് 'പമ്പ' സാഹിത്യോത്സവത്തിൽ സംസാരിക്കവെയായിരുന്നു സതീശന്റെ വിവാദ പരാമർശം. കല ഉൾപ്പെടെയുള്ള പരമ്പരാഗത കാര്യങ്ങളും ഭക്ഷണ വിഭവങ്ങളുടെ പ്രത്യേകതകളും അടുത്ത തലമുറയ്ക്ക് അമ്മമാർ പകർന്നുനൽകുന്നില്ലെന്ന് സതീശൻ പറഞ്ഞിരുന്നു. മക്കൾക്കോ വീട്ടിലേക്ക് പുതുതായി വരുന്ന മകന്റെ ഭാര്യക്കോ ഇത് പറഞ്ഞുകൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇത് സ്ത്രീവിരുദ്ധമാണെന്ന വിമർശനം ഉയരുകയായിരുന്നു.
എന്നാൽ, മക്കൾ എന്ന് പറയുന്നത് പെൺമക്കൾ മാത്രമായി എവിടെയും അടയാളപ്പെടുത്തിയിട്ടില്ലെന്നും വീട്ടിലേക്ക് പുതുതായി വരുന്ന ആൾ എന്ന നിലയിലാണ് മകന്റെ ഭാര്യയുടെ കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ എന്ത് സ്ത്രീവിരുദ്ധതയാണുള്ളതെന്നും ചിലർ മൈക്രോസ്‌കോപ് വെച്ച് കുറ്റം കണ്ടുപിടിക്കാൻ നോക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.