ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം എത്തിയേക്കും
ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ തിരഞ്ഞെടുത്തേക്കു. കഴിഞ്ഞ ദിവസം ചേർന്ന ഡി.വൈ.എഫ്.ഐ. ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം. വിജിൻ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായേക്കും. ആലപ്പുഴയിൽ നിന്നുള്ള രാഹുൽ ട്രഷററാകുമെന്നാണ് വിവരം. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചത്.
അടുത്ത ദിവസം ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പാനലിന് അംഗീകാരം നൽകുമെന്നാണ് സൂചന. ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിലാകും ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കുക.
ഫ്രാക്ഷൻ യോഗം ചേർന്ന് ഭാരവാഹികളെ തീരുമാനിക്കുന്ന രീതിയാണ് സംഘടനയിൽ പൊതുവേ പിന്തുടരുന്നത്. .ഡി.വൈ.എഫ്.ഐ. ഭാരവാഹിയാകുന്നതിന് 38 വയസാണ് നിലവിലെ പ്രായപരിധി. എന്നാൽ, കൃത്യസമയത്ത് സംഘടനാ സമ്മേളനങ്ങളിൽ നടക്കാത്തതിനാലാണ് പ്രായപരിധിയുടെ പേരിൽ പലരും ഒഴിവാക്കപ്പെടുന്നതായി യോഗത്തിൽ വിമർശനം ഉയർന്നു. ഡി.വൈ.എഫ്.ഐ.യുടെ പ്രധാന ജില്ലാ ഭാരവാഹികളിലൊരാൾ നിർബന്ധമായും വനിതയായിരിക്കണമെന്ന നിബന്ധനയിൽ വെള്ളം ചേർത്തതായും നേരത്തെ സംഘടനയ്ക്കുള്ളിൽ വിമർശനമുയർന്നിരുന്നു.