തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ച് സി.ഐ.ടി.യു; ഡിസംബർ ഒന്നിന് ദില്ലിയിൽ തൊഴിലാളികൾ അണിനിരക്കും

 

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ ഒന്നിന് ദില്ലിയിൽ പാർലമെന്റ് മാർച്ച് നടത്തുമെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പ്രഖ്യാപിച്ചു. മുൻപ് നടത്തിയ തൊഴിലാളി പ്രക്ഷോഭങ്ങളെ അവഗണിച്ച് കേന്ദ്ര സർക്കാർ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ശക്തമായ സമരവുമായി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ദില്ലി കേന്ദ്രീകരിച്ചായിരിക്കും വൻ പ്രതിഷേധം സംഘടിപ്പിക്കുക.

ലേബർ കോഡുകൾ നടപ്പിലാക്കൽ, തൊഴിലാളി സംഘടനകൾക്കെതിരെയുള്ള കേന്ദ്ര നയങ്ങൾ, മിനിമം വേതന തത്വങ്ങൾ ലംഘിക്കൽ, വ്യാപകമായ കരാർ തൊഴിലാളിവൽക്കരണം എന്നിവയ്ക്കെതിരെയാണ് പ്രക്ഷോഭം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് തൊഴിലാളികൾ ഈ പാർലമെന്റ് മാർച്ചിൽ അണിനിരക്കുമെന്നും എളമരം കരീം കൂട്ടിചേർത്തു.