കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

 

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. സംഘർഷം നിയന്ത്രിക്കാൻ എത്തിയ ഉദ്യോഗസ്ഥരെയും തടവുകാർ ആക്രമിച്ചതായി ജയിൽ അധികൃതർ അറിയിച്ചു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്. മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘർഷം ഉണ്ടാക്കിയത്. തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ  ജലാലുദ്ധീൻ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജയിൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം രൂക്ഷമായത്.

സംഭവത്തിൽ ഒരു പ്രിസൺ ഓഫീസർ ഉൾപ്പെടെ അഞ്ച് ജയിൽ ഉദ്യോഗസ്ഥർക്കും ആറ് തടവുകാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്ക് വിധേയരാക്കിയെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ജയിൽ അധികൃതർ അറിയിച്ചു.