വിഴിഞ്ഞത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
May 31, 2026, 17:30 IST
തിരുവനന്തപുരം വിഴിഞ്ഞത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുല്ലുവിള സ്വദേശിയായ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയുണ്ട്.മെയ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ വെച്ചാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഇൻസ്റ്റാഗ്രാം വഴി ഇയാൾ പെൺകുട്ടിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മനുവും കൂടെ മറ്റൊരാളും ചേർന്ന് അവിടെയെത്തി. ഇയാൾ കൊണ്ടുവന്ന ജ്യൂസ് കുടിച്ചതിന് പിന്നാലെ പെൺകുട്ടി ബോധരഹിതയാകുകയും, തുടർന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.പീഡനവിവരം കുട്ടി തന്നെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്. തുടർന്ന് മണ്ണേല പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവസമയത്ത് മനുവിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.