തലകറങ്ങി വീണ ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി
കണ്ണൂരിൽ തലകറങ്ങി വീണ ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കുന്നോത്ത് സെന്റ് ജോസഫ് യു.പി. സ്‌കൂളിലെ അധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് പരാതി.
തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക 'ചത്തില്ലേ' എന്ന് ചോദിച്ചതായും പരാതിയിൽ പറയുന്നു. അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിലും പരാതി നൽകി.
കുട്ടിക്ക് സോഡിയം കുറയുന്ന ആരോഗ്യപ്രശ്‌നമുണ്ടായിരുന്നുവെന്നാണ് വിവരം. ആരോപണവിധേയയായ അധ്യാപിക രണ്ട് ദിവസം മുമ്പാണ് സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. അതിനാൽ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.
കുട്ടി വീണപ്പോൾ ശ്രദ്ധിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി അധ്യാപിക സമ്മതിച്ചു. എന്നാൽ കുട്ടിയെ ചവിട്ടുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അധ്യാപികയുടെ വിശദീകരണം. അതേസമയം, സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികൾ ആരോപണങ്ങൾ ശരിവെച്ചതായി പരാതിയിൽ പറയുന്നു.