ചടയമംഗലത്ത് എട്ടാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; പ്രതി രാജേഷ് പിടിയിൽ

 

കൊല്ലം ചടയമംഗലത്ത് പതിമൂന്നുകാരനായ എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനച്ഛൻ രാജേഷ് പിടിയിൽ. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ ഓയൂരിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിൽ രാജേഷ് കുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കുട്ടിയുടെ അമ്മ ശാലിനി പകർത്തിയ ദൃശ്യങ്ങളിൽ കുട്ടിയെ വിവസ്ത്രനാക്കി വടികൊണ്ട് മർദിക്കുന്നതും കാണാം. രാജേഷിന് കുട്ടിയെ ഇഷ്ടമല്ലെന്നും മദ്യപിച്ചെത്തുമ്പോൾ പതിവായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്നും ശാലിനി ആരോപിച്ചു. ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് അതിക്രമത്തിന് പിന്നിലെന്നും അമ്മ വെളിപ്പെടുത്തി.

സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലം റൂറൽ എസ്.പിയുമായി ഫോണിൽ സംസാരിച്ച് പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സയും സംരക്ഷണവും ഉറപ്പാക്കാൻ മന്ത്രി ബിന്ദു കൃഷ്ണയും ഇടപെട്ടു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്ത് കൊല്ലം റൂറൽ എസ്.പി., ചടയമംഗലം എസ്.എച്ച്.ഒ., ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്.