തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

 
തിരുവനന്തപുരം കാട്ടാക്കടയിൽ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് ഉണ്ടായ മനോവിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് ആണ് മരിച്ചത്. മുറിയിലെ ജനകിൽ ഷാൾ കഴുത്തിൽ കുരുക്കിയാണ് ജീവനൊടുക്കിയത്.സ്‌കൂൾ വിട്ടു വീട്ടിലെത്തിയ വൈകാശ് മാതാപിതാക്കളോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ല.പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അതിനാൽ മൊബൈൽ നൽകാനാവില്ലന്ന് മാതാപിതാക്കൾ പറയുകയായിരുന്നു.തുടർന്ന് മാതാപിതാക്കളും വൈകാശും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെ രാത്രി 9.30ഓടെ മുറിയിൽ കയറി വൈകാശ് വാതിലടച്ചു. 10.45 ആയിട്ടും കുട്ടിയെ പുറത്തേക്ക് കാണാതെ വന്നതോടെ മാതാപിതാക്കൾ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നോക്കിയപ്പോഴാണ് ജനലിൽ ഷാളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ ചവിട്ടി തുറന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.