സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

 

സിഎംആർഎൽ-എക്സാലോജിക് കേസിൽ വിജിലൻസ് എഫ്‌ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുൻമന്ത്രി മുഹമ്മദ് റിയാസ്, വീണ ടി. എന്നിവരുടെ ഹർജികളും പ്രത്യേക ബെഞ്ച് പരിഗണിക്കും.

ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. കേസിൽ ഇതിനകം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിർബന്ധിത നടപടികൾ നേരിടേണ്ട സാഹചര്യമുണ്ടെന്നും പിണറായി വിജയന്റെ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

മാസപ്പടി ഇടപാടില്‍, കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിണറായി വിജയന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സുപ്രീംകോടതി ഹർജി പരിഗണിക്കുന്നതുവരെ ഹാജരാകേണ്ടതില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇന്ന് കോടതിയുടെ നിലപാട് നിർണായകമാകും.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേൾക്കേണ്ടതില്ലെന്നും മതിയായ തെളിവുകളുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇഡിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.