സി.എം.ആർ.എൽ.-എക്‌സാലോജിക് കേസ്: പിണറായി വിജയനെ പിന്തുണയ്ക്കുന്ന നിലപാട് ജനവിശ്വാസം തകർക്കുന്നതെന്ന് ആർ.എം.പി.

 

സി.എം.ആർ.എൽ.-എക്‌സാലോജിക് കേസിലെ സർക്കാരിന്റെയും സി.പി.ഐ.എമ്മിന്റെയും നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനവുമായി റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി). മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്ന സമീപനം ജനങ്ങളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതാണെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു കുറ്റപ്പെടുത്തി. കേസ് നിർണായക ഘട്ടത്തിലെത്തിനിൽക്കുമ്പോൾ അതിനൊത്ത നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ജനങ്ങളെ ബോധ്യപ്പെടുത്തുന്നതുവരെ പിണറായി വിജയൻ അധികാരത്തിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാകണമെന്നും, അതിനുള്ള ആർജ്ജവം സി.പി.ഐ.എം കാണിക്കണമെന്നും എൻ. വേണു ആവശ്യപ്പെട്ടു. മുൻ സി.പി.ഐ.എം മുഖ്യമന്ത്രിമാരിൽ പിണറായിക്കെതിരെ മാത്രമാണ് ഇത്തരത്തിലുള്ള അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേസമയം, കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ നിർണായക ദിവസമാണിന്ന്. വിജിലൻസ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ പ്രത്യേക അനുമതി അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് തടയണമെന്ന ഇടക്കാല ആവശ്യവും ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്. ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ ഹർജികളും ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്.