സിഎംആർഎൽ-എക്സാലോജിക് കേസ്; മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ഇഡി നോട്ടീസ്
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം വീണ്ടും സജീവമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നന്ദുലാൽ, നിഖിൽ എന്നിവർക്കാണ് ഇഡി നോട്ടീസ് നൽകിയത്. ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട് ഇഡി ആദ്യം രജിസ്റ്റർ ചെയ്ത ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ ആദ്യഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ എക്സാലോജിക് കമ്പനി ഉടമ ടി. വീണയെയും ഇഡി ചോദ്യം ചെയ്തിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ഡയറി പിടിച്ചെടുത്തിരുന്നു. ഹസൻ വാരിസ് ഉൾപ്പെടെയുള്ളവരുടെ പേരുകളും പണം കൈമാറിയതിന്റെ വിവരങ്ങളും ഡയറിയിലുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അതേസമയം, കേസുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളിലെ തുടർനടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഈ സ്റ്റേ വിജിലൻസ് അന്വേഷണ നടപടികൾക്ക് മാത്രമാണ് ബാധകമെന്നും ഇഡി രജിസ്റ്റർ ചെയ്ത ഇസിഐആറിലെ അന്വേഷണം തുടരാമെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. ഇതിന് നിയമോപദേശവും ലഭിച്ചതായാണ് വിവരം.
ഹൈക്കോടതി സ്റ്റേയുടെ പശ്ചാത്തലത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് നിയമതടസ്സമില്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.