സംസ്ഥാനത്ത് സിഎൻജി വില വീണ്ടും കൂട്ടി; കിലോയ്ക്ക് 100 രൂപ കടന്നു

 

സംസ്ഥാനത്ത് സിഎൻജി (CNG) വില വീണ്ടും വർദ്ധിപ്പിച്ചു. കിലോയ്ക്ക് 1.50 രൂപയാണ് ഇന്ന് കൂട്ടിയത്. ഇതോടെ കേരളത്തിൽ ഒരു കിലോ സിഎൻജിയുടെ വില 101 രൂപയിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മുൻപും രാജ്യത്ത് അടിക്കടി സിഎൻജി വില വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില ഉയർത്തിയിരിക്കുന്നത്.

പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ നിന്ന് ആശ്വാസം തേടി സിഎൻജിയിലേക്ക് മാറിയ ലക്ഷക്കണക്കിന് വരുന്ന സാധാരണ വാഹന ഉടമകൾക്കും ഓട്ടോ-ടാക്സി ഉൾപ്പെടെയുള്ള വാണിജ്യ വാഹന ഡ്രൈവർമാർക്കും പുതിയ വർദ്ധനവ് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ജൂലൈ 20-ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, അതിന് മുന്നോടിയായി ഇന്ധനവില കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ അനുകൂല പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. പശ്ചിമേഷ്യൻ യുദ്ധസമയത്ത് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 120 ഡോളറിന് മുകളിൽ ഉയർന്നപ്പോൾ രാജ്യത്ത് ഇന്ധനവില വൻതോതിൽ കൂട്ടിയിരുന്നു. എന്നാൽ പിന്നീട് എണ്ണവില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടും ആനുപാതികമായി ആഭ്യന്തര വിപണിയിൽ വില കുറയ്ക്കാൻ കമ്പനികൾ തയ്യാറാകാത്തതിനെതിരെ പൊതുജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.