ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ് :സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം

 

ടൂറിസ്റ്റ് ബസുകളുടെ കളർ കോഡ് സംബന്ധിച്ച് ഇനി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് തീരുമാനമെടുക്കാം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.

വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഏർപ്പെടുത്തിയത്. 2022ലെ അപകടത്തിൽ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചിരുന്നു. ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറവും ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും മഞ്ഞനിറവും നൽകാനായിരുന്നു അന്നത്തെ തീരുമാനം.

ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടേതടക്കമുള്ള വലിയ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കരുതെന്ന 2019ലെ ഹൈക്കോടതി ഉത്തരവും നിറം കർശനമാക്കുന്നതിന് കാരണമായിരുന്നു.

എന്നാൽ വെള്ളനിറം ടൂറിസം മേഖലയെ ബാധിക്കുന്നുവെന്ന പരാതികൾ ഉയർന്നതോടെയാണ് സർക്കാർ തീരുമാനം പുനഃപരിശോധിച്ചത്. അതേസമയം, വെള്ളനിറം നിർബന്ധമാക്കിയതിന് ശേഷം വലിയ അപകടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.