കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് വനംമന്ത്രി

 
മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ തെരുവിലിറങ്ങിയതോടെ സർക്കാറിന്റെ അടിയന്തര ഇടപെടൽ. കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. വന്യജീവി ആക്രമണം സങ്കീർണ്ണമായ വിഷയമാണെന്നും സോളാർ ഫെൻസിംഗ് ഉള്ള സ്ഥലത്താണ് ഇന്ന് ആക്രമണം നടന്നതെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു. ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ഏകീകരിക്കാൻ നടപടി സ്വീകരിക്കും. സോളാർ ഫെൻസിംഗ് പലയിടത്തും പൂർണ്ണതയിൽ അല്ല. വന്യജീവി ആക്രമണം കുറയ്ക്കാൻ 100 ദിന പരിപാടി നടപ്പാക്കും. ജൂൺ അഞ്ചിന് പുതിയ വനനയം പ്രഖ്യാപിക്കുമെന്നും വന്യജീവി ആക്രമണങ്ങളെ കുറിച്ച് പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭർത്താവ് ഷാജിക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് പുത്തുമല സ്വദേശിനിയായ ജെസ്സിക്ക് കാട്ടാന ആക്രമണം ഉണ്ടായത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ ജെസ്സിയുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു.