യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെന്ന് പരാതി; പൊലീസ് ട്രെയിനിക്കെതിരെ നടപടി
Aug 11, 2026, 17:59 IST
യൂണിഫോം വാങ്ങാനെന്ന പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് ട്രെയിനിക്കെതിരെ നടപടി. കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസ് ട്രെയിനി ശംഭു ആർ. കൃഷ്ണനെ പരിശീലനത്തിൽനിന്ന് ഒഴിവാക്കി.
ക്യാമ്പിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്ന ശംഭുവിന്റെ അക്കൗണ്ടിലേക്കാണ് സഹപ്രവർത്തകർ പണം കൈമാറിയത്. എന്നാൽ യൂണിഫോം വാങ്ങുന്നതിന് പകരം തുക മുഴുവൻ ഓൺലൈൻ ഗെയിമിങ്ങിന് ഉപയോഗിച്ച് നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം.
യൂണിഫോം ലഭിക്കാതായതോടെ സഹപ്രവർത്തകർ കാര്യം തിരക്കിയപ്പോഴാണ് പണം ഓൺലൈൻ ഗെയിമിംഗിൽ നഷ്ടപ്പെട്ട വിവരം ഇയാൾ വെളിപ്പെടുത്തുന്നത്. സഹപ്രവർത്തകരുടെ പരാതിയിൽ തിരുവനന്തപുരത്ത് പരിശീലനം നടക്കുകയായിരുന്ന ട്രെയിനിങ് ക്യാമ്പിൽ നിന്നുമാണ് പേരൂർക്കട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.