നാദാപുരം താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന് പരാതി; ചികിത്സയിലിരുന്ന രോഗി മരിച്ചു

 

കോഴിക്കോട് നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന പരാതിയെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന വയോധികൻ മരിച്ചു. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രൻ (72) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരിച്ചത്.

കഴിഞ്ഞ മാസം 23-നാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ചന്ദ്രൻ നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് ഗുളിക മാറി നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മരുന്ന് കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചത്. സംഭവത്തിൽ ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.