പുതുക്കോട് ആരോഗ്യകേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി; പാരസെറ്റമോൾ സിറപ്പ് നൽകിയത് കുട്ടികൾക്ക്

 

പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ട പാരസെറ്റമോൾ സിറപ്പാണ് കുട്ടികൾക്ക് വിതരണം ചെയ്തതെന്നാണ് ആരോപണം. ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാനായി ആരോഗ്യകേന്ദ്രത്തിലെത്തിയ ഏഴോളം പേർക്കാണ് ഇത്തരത്തിൽ മരുന്ന് ലഭിച്ചത്.

മരുന്നിന്റെ കാലാവധി കഴിഞ്ഞ വിവരം ചില രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മറ്റ് രക്ഷിതാക്കളെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോഗ്യകേന്ദ്രത്തിലെത്തി പ്രതിഷേധിച്ചു.

അതേസമയം, അബദ്ധത്തിൽ സംഭവിച്ചതാണെന്നും വിതരണം ചെയ്ത മരുന്നുകൾ മുഴുവൻ തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതർ അറിയിച്ചു.