കുട്ടികളെ അപമാനിച്ചെന്ന പരാതി: കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
അനുമോദന ചടങ്ങിനിടെ കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കഴിഞ്ഞദിവസം മണ്ണാർക്കാട് നഗരസഭ 19, 20, 22 വാർഡുകളുടെ വിജയോത്സവം ജലീൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ വിലാസം തെറ്റിച്ച് എഴുതിയെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ഒരു കുട്ടിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. വേദിയിൽവെച്ച് കുട്ടികൾ എഴുതിയപ്പോൾ ചില തെറ്റുകൾ വന്നപ്പോഴായിരുന്നു ജലീലിന്റെ തിരുത്ത്. ഇത് കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റമാണെന്ന പരാതിയിലാണ് ബാലാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.