കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ വിറ്റതായി പരാതി; ബന്ധുക്കൾക്കെതിരെ അന്വേഷണം

 

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് വിറ്റതായി വിവരം. ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസ്സുകാരിയാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് കുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിക്കും ഭർത്താവിനുമായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇവർ കുട്ടിയെ കോവളത്ത് എത്തിച്ചത്.

20 വയസ്സാണെന്ന് തെളിയിക്കുന്ന ആധാർ കാർഡ് കുട്ടിയുടെ കൈവശമുണ്ടായിരുന്നു. കാർഡ് വ്യാജമാണെന്നാണ് വിവരം. ജൂലൈ മുതൽ വിവിധ സ്പാകളിൽ കുട്ടി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ ഒരു സ്പായിലെ യുവാവുമായി പ്രണയത്തിലായ പെൺകുട്ടി അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തിൽ പൂവാർ സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കോവളത്ത് എത്തിച്ച ബന്ധുക്കൾ ആന്ധ്രപ്രദേശിലേക്ക് മടങ്ങിയെന്നാണ് വിവരം. കോവളം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.