യൂട്യൂബർ 'തൊപ്പി'ക്കെതിരായ പരാതികൾ കളമശ്ശേരി പൊലീസിന് കൈമാറി
സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രദർശനം , ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂട്യൂബർ 'തൊപ്പി'ക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന് കൈമാറി. ഡിസിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് കേസ് കൈമാറിയത് .റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.
ഒരു അഭിഭാഷകന്റെ പരാതിയിലായിരുന്നു കേസെടുക്കാന്‍ നിര്‍ദ്ദേശം. തൊപ്പിയും സംഘവും പോക്സോ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ശീല പ്രദർശനം, ലഹരി ഉപയോഗം, സൈബർ കുറ്റകൃത്യം, മാനസിക-ശാരിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചെയ്യുന്നതായി കാണിച്ചാണ് പരാതി നൽകിയത്. ഇവർക്ക് സ്കൂൾ ടീനേജ് വിദ്യാർഥികൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. ഇത്തരക്കാരുടെ ഇടയിലേക്കാണ് തൊപ്പിയുടെ തെറ്റായ വീഡിയോകളും സന്ദേശങ്ങളുമെത്തുന്നതെന്നും വളർന്ന് വരുന്ന തലമുറയെ നശിപ്പിക്കുന്നതാണ് സംഘത്തിന്റെ ഓൺലൈൻ ഉള്ളടക്കങ്ങളെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കിടയിലേക്ക് അശ്ലീല ദൃശ്യങ്ങൾ എത്തുന്നു. പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതായും പരാതിയിൽ പറയുന്നുണ്ട്.നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞിരുന്നു.