മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ
മുഖ്യമന്ത്രി വി. ഡി. സതീശന്റെ വാഹനവ്യൂഹം വഴിയിൽ തടയുകയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഡി.സി.സി അംഗം ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. അർധരാത്രിയോടെ ശ്രീകാര്യം പോലീസാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചേന്തിയിൽ വെച്ച് തടഞ്ഞുനിർത്തുകയായിരുന്നു. ചേന്തിയിലെ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങാൻ ശ്രമിച്ചതാണ് സംഘാടകരെ ചൊടിപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രാ പട്ടികയിൽ ഈ പരിപാടി ഉണ്ടായിരുന്നില്ല. വാഹനം തടഞ്ഞുനിർത്തി മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ച അനിലിനെയും സംഘത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിമാറ്റിയാണ് മുഖ്യമന്ത്രിക്ക് വഴി ഒരുക്കിയത്.
അതേസമയം, തങ്ങൾ മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും വാഹനവ്യൂഹത്തിന് കൈകാണിച്ചപ്പോൾ വാഹനം നിർത്തി മുഖ്യമന്ത്രി പുറത്തിറങ്ങി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു എന്നും ചേന്തി അനിൽ പ്രതികരിച്ചു. മാസങ്ങൾക്ക് മുമ്പ് തന്നെ സമയം ചോദിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.