സിമാറ്റിലെ വിവാദ നിയമനം: ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ റിസർച്ച് ഓഫീസർ തസ്തിക രാജിവെച്ചു
Oct 12, 2026, 11:29 IST
സംസ്ഥാന വിദ്യാഭ്യാസ ഭരണ പരിശീലന ഗവേഷണ കേന്ദ്രത്തിലെ (സിമാറ്റ് - SIEMAT) നിയമന വിവാദങ്ങൾക്കൊടുവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ ജോലി രാജിവെച്ചു. സിമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്നാണ് ഇവർ രാജിവെച്ചത്. വെള്ളിയാഴ്ചയാണ് രാജിക്കത്ത് സ്ഥാപന മേധാവിക്ക് കൈമാറിയത്.
പൊതു നോട്ടിഫിക്കേഷനോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ലാതെ ബയോഡേറ്റ മാത്രം നൽകിയാണ് കരാർ അടിസ്ഥാനത്തിലുള്ള ജോലിയിൽ പ്രവേശിച്ചതെന്ന ആരോപണമാണ് ഉയർന്നത്. കൂടാതെ റിസർച്ച് ഓഫീസർക്ക് വേണ്ട പി.എച്ച്.ഡി യോഗ്യത ഷാനി ഷഫീറിനില്ലെന്ന വിവരവും പുറത്തുവന്നിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് ബി.ആർ.എം. ഷഫീറിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് രാജി സമർപ്പിച്ചത്.