വിവാദ പരാമർശം; ടി.ജി. മോഹൻദാസിന് ജാമ്യം
ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസിന് ജാമ്യം.തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തുടർച്ചയായ മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
ജാമ്യം അനുവദിക്കരുതെന്നും മോഹൻദാസ് പുറത്തിറങ്ങിയാൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.എന്നാൽ അന്വേഷണവുമായി മോഹൻദാസ് സഹകരിക്കുന്നുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. നോട്ടീസ് നൽകാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും നടപടി നിയമപരമല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് ഇന്നലെയാണ് എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് ടി ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് പുലർച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്തു. ടി ജി മോഹൻദാസിനെതിരെ കലാപ ആഹ്വാനം അടക്കമുള്ള കുറ്റങ്ങളാണ് പൊലീസ് നേരത്തെ ചുമത്തിരുന്നത്. കൂടുതൽ പരാതികൾ പരിശോധിച്ച ശേഷം സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് കൂടി ചുമത്തിയിരുന്നു.