എംജി സർവകലാശാലയിൽ 'പാറ്റ' ഫ്‌ലക്സിനെ ചൊല്ലി വിവാദം; നീക്കം ചെയ്യണമെന്ന് വിസി, എതിർപ്പുമായി യൂണിയൻ
കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ പാറ്റയുടെ ചിത്രമുള്ള ഫ്‌ലക്സിനെ ചൊല്ലി തർക്കം. എംജി സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്‌ലക്സാണ് വിവാദമായത്.
സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയ പ്രചാരണം അനുവദിക്കില്ലെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. ഫ്‌ലക്സ് എത്രയും വേഗം നീക്കം ചെയ്യണമെന്നും വിസി നിർദേശം നൽകി.
എന്നാൽ ഫ്‌ലക്സിൽ രാഷ്ട്രീയമില്ലെന്നും ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് സ്ഥാപിച്ചതെന്നുമാണ് യൂണിയന്റെ വിശദീകരണം. ഫ്‌ലക്സ് മാറ്റില്ലെന്ന നിലപാടിലാണ് യൂണിയൻ.വിസിക്ക് എതിരെ സർവകലാശാല യൂണിയൻ പ്രതിഷേധ പ്രകടനവും നടത്തി.
കേന്ദ്രസർക്കാരിന് പിന്നാലെ എംജി സർവകലാശാല വൈസ് ചാൻസലർക്കും പാറ്റയെ പേടിയാണെന്നായിരുന്നു യൂണിവേഴ്സിറ്റി ചെയർമാൻ അഭിനവ് എം പ്രതികരിച്ചത്. വിസിയുടെ നിർദേശം അംഗീകരിക്കില്ലെന്നും കൂടുതൽ ഫ്‌ലക്സുകൾ സ്ഥാപിക്കുമെന്നും യൂണിയൻ നേതൃത്വം വ്യക്തമാക്കി.