സഹകരണ ഓണവിപണി 26 മുതൽ;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ആരംഭിക്കുന്നത് 1800 ഓണചന്തകൾ
ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കാൻ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 1800 ഓണചന്തകൾ ആരംഭിക്കുന്നു. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെ 10 ദിവസമാണ് വിപണികൾ പ്രവർത്തിക്കുക. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 26-ാം തീയതി വൈകിട്ട് 5.30-ന് നിർവ്വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
കൺസ്യൂമർഫെഡ് മുഖേനയാണ് ഓണചന്തകൾ നടക്കുക. ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, ജില്ലാസഹകരണ സ്റ്റോറുകൾ, കാർഷിക വായ്പാ സംഘങ്ങൾ, മത്സ്യത്തൊഴിലാളി സംഘങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വിപണി സംഘടിപ്പിക്കും.
സർക്കാർ സബ്‌സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ (അരി, പഞ്ചസാര, പരിപ്പ്, ഉഴുന്ന്, വെളിച്ചെണ്ണ, മുളക്, മല്ലി തുടങ്ങിയവ) പൊതു വിപണിയേക്കാൾ 30-50% വരെ വിലക്കുറവിൽ വിൽക്കും. സബ്‌സിഡിയില്ലാത്ത മറ്റ് സാധനങ്ങളും 10-40% വരെ വിലക്കുറവിൽ ലഭിക്കും.ഗുണനിലവാര പരിശോധനയ്ക്ക് എല്ലാ ജില്ലയിലും ക്വാളിറ്റി ഇൻസ്‌പെക്ടർമാരെ നിയമിച്ചു. ഗോഡൗണുകളിൽ പരിശോധിച്ചശേഷമേ വിപണിയിലേക്ക് സാധനങ്ങൾ എത്തൂ. തിരുവനന്തപുരം- 160, കൊല്ലം-167, പത്തനംതിട്ട-107, ആലപ്പുഴ-118, കോട്ടയം-114, ഇടുക്കി-84, എറണാകുളം-173, തൃശൂർ-168, പാലക്കാട്-100, മലപ്പുറം-126, കോഴിക്കോട്-170, വയനാട്--22, കണ്ണൂർ -145, കാസർകോട്-85 എന്നിങ്ങനെയാണ് സഹകരണ-കൺസ്യൂമർഫെഡ് ഓണച്ചന്തകൾ.