'അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ പുനഃസ്ഥാപിക്കുന്നു'; യു.ഡി.എഫ് സർക്കാരിനെതിരെ ടി.പി. രാമകൃഷ്ണൻ
യു.ഡി.എഫ് സർക്കാരുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഉയർന്നുവരുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും തങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുന്നവരെ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന് മാറ്റിയത് എക്സൈസ് വകുപ്പിൽ നടക്കുന്ന അഴിമതികളുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കമ്മീഷണറെ പെട്ടെന്ന് മാറ്റിയതിന്റെ അടിസ്ഥാനമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. രാജമാണിക്യത്തെ മാറ്റിയതും അഴിമതിക്ക് കൂട്ടുനിൽക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പുതിയ മദ്യനയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രിക്കും ബോർഡിനുമിടയിൽ നിരവധി വിഷയങ്ങളിൽ ഭിന്നാഭിപ്രായങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കാനും സ്ഥലം മാറ്റി ദ്രോഹിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഉയർന്നു വന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.