കോവിഡ് കാലത്ത് കഡാവർ ബാഗ് വാങ്ങിയതിൽ അഴിമതി; തൃശൂർ മെഡിക്കൽ കോളജിനെതിരെ വിജിലൻസ് അന്വേഷണം

 

കോവിഡ് കാലത്ത് മൃതദേഹങ്ങൾ പൊതിയുന്നതിനുള്ള കഡാവർ ബാഗുകൾ വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. മുൻ എം.എൽ.എ അനിൽ അക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയും മെഡിക്കൽ കോളജ് എംപ്ലോയീസ് സഹകരണ സംഘവും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.

1700 കഡാവർ ബാഗുകൾക്ക് ടെൻഡർ നൽകിയ ശേഷം 1000 എണ്ണം മാത്രം വാങ്ങുകയും വ്യാജ ബില്ലുകൾ നിർമ്മിച്ച് 31 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഒന്നിന് 409 രൂപ വീതം വിലയുള്ള ബാഗുകളുടെ പേരിലാണ് ഈ ക്രമക്കേട് നടന്നത്. കൂടാതെ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (NRHM) വഴി ലഭിച്ച 8.19 കോടി രൂപയിൽ വലിയൊരു പങ്ക് വെട്ടിച്ചതായും ആരോപണമുണ്ട്.

നേരത്തെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നെങ്കിലും മുൻ സർക്കാരിന്റെ സ്വാധീനം കാരണം അന്വേഷണം നടന്നിരുന്നില്ലെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി. തുടർന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവായത്.