പ്രതിപക്ഷ ഉപനേതൃസ്ഥാനം: സിപിഐഎം-സിപിഐ ചർച്ച നാളെ; സമവായ ശ്രമം ശക്തമാക്കി മുന്നണി

 

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പരിഹാരം കാണാൻ സിപിഐഎം-സിപിഐ ചർച്ച നാളെ . ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. ചർച്ചയെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

മുന്നണിയുടെ പ്രവർത്തനങ്ങളെ തന്നെ ബാധിച്ചിരിക്കുന്ന വിഷയത്തിന് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം ചർച്ചയ്ക്ക് മുൻകൈ എടുത്തത്. സിപിഐ ആസ്ഥാനത്ത് നടക്കുന്ന ചർച്ചയിൽ സമവായ സാധ്യത ഉണ്ടാകുമെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ.

കീഴ്വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഐഎം, സിപിഐയുടെ ആവശ്യം നിരാകരിക്കുന്നത്. എന്നാൽ കീഴ്വഴക്കത്തിന്റെ പേരിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ആവശ്യമെങ്കിൽ പഴയ കീഴ്വഴക്കങ്ങൾ മാറ്റേണ്ടിവരുമെന്നുമാണ് സിപിഐ നിലപാട്