സർക്കാരിനെതിരെ സിപിഐയുടെ നിയമസഭാ മാർച്ച് ഒക്ടോബർ 14ന്

 

സർക്കാരിനെതിരെ സമരത്തിനൊരുങ്ങി സിപിഐ. പി.എം.ശ്രീ പദ്ധതി, ലേബർ കോഡ്, വൈദ്യുതി പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 14ന് നിയമസഭാ മാർച്ച് നടത്താൻ സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ധനസഹായം ഇതുവരെ വിതരണം ചെയ്യാത്തതിലും കൗൺസിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ധനസഹായ വിതരണത്തിലെ കാലതാമസം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് സിപിഐ വ്യക്തമാക്കി. വീട് തകർന്നവരും വീട്ടുപകരണങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടവരും ഇന്നും കടുത്ത സാമ്പത്തിക പ്രയാസം നേരിടുകയാണ്. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും കുടിശ്ശികയായ ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്നും കാലതാമസത്തിന് സർക്കാർ വ്യക്തമായ വിശദീകരണം നൽകണമെന്നും സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.

ദുരിതബാധിതർക്ക് അവകാശപ്പെട്ട സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും സിപിഐ തീരുമാനിച്ചു.