സിപിഎം നേതാവ് ഐ.പി. ബിനു പൊലീസിന്റെ റൗഡി ലിസ്റ്റിൽ

 

സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനുവിനെ വഞ്ചിയൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലടക്കം പ്രതിയായ ബിനുവിനെതിരെയുള്ള നാല് കേസുകൾ പരിഗണിച്ചാണ് പൊലീസിന്റെ നടപടി.

രണ്ടിലധികം കേസുകളിൽ പ്രതികളായവരെയാണ് സാധാരണയായി റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസിപിയാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത്.

റൗഡി ലിസ്റ്റിൽ ഉൾപ്പെടുന്നവർ പൊലീസ് നിരീക്ഷണത്തിലായിരിക്കും. തുടർന്നും കേസുകളിൽ പ്രതിയായാൽ ബോണ്ട് കെട്ടിവെക്കേണ്ട സാഹചര്യമുണ്ടാകാം. നിരന്തരമായി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നവർക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കാനും ജില്ലയിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്.

അതേസമയം, തന്നെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ പൊലീസ് നടപടി ഭരണകൂട പ്രതികാരമാണെന്ന് ഐ.പി. ബിനു പ്രതികരിച്ചു. ആർഎസ്എസിനെ പ്രീതിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുമോയെന്നും ബിനു ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.