സിപിഎം നേതാവ് കെപി സഹദേവന്‍ അന്തരിച്ചു

 

സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ അന്തരിച്ചു.സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.പി. സഹദേവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിത്തെറുപ്പുകാരനായി ജീവിതമാരംഭിച്ച സഹദേവൻ, കെ.പി. ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനം തുടങ്ങിയത്. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം, ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം 20 മാസം ജയിലിൽ കഴിഞ്ഞു. വിവിധ കാലയളവുകളിലായി രണ്ടുവർഷത്തോളം വീണ്ടും തടവിലായി.1955-56 കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1964ൽ സിപിഎം രൂപീകരിച്ചതു മുതൽ 1978 വരെ കണ്ണൂർ മുനിസിപ്പൽ ലോക്കൽ സെക്രട്ടറിയായിരുന്നു. 1978ൽ ജില്ലാ കമ്മിറ്റി അംഗമായും 1986ൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2005ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 2022ൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു.