പരാതിയും പരിഭവവും ഉണ്ടായാലും സി.പി.എമ്മുകാർ പാർട്ടിക്കെതിരായി വോട്ട് ചെയ്യരുത്: എം.എ. ബേബി

 

പാർട്ടി തീരുമാനങ്ങളിൽ പരാതിയും പരിഭവവും ഉണ്ടായാലും സി.പി.എമ്മുകാർ പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിക്ക് തന്നെ വോട്ട് ചെയ്യണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. തളിപ്പറമ്പിലും പയ്യന്നൂരിലും മുതിർന്ന നേതാക്കൾ ഉന്നയിച്ച നിലപാടിനെ പിന്തുണച്ചാണ് കോഴിക്കോട്ട് നടക്കുന്ന വിപുലീകരിച്ച സംസ്ഥാന കമ്മിറ്റിയോഗത്തിന് മുന്നോടിയായി എം.എ. ബേബി മാധ്യമങ്ങളോട് പ്രതികരിച്ചത്.

പാർട്ടിക്കൊപ്പം നിൽക്കുകയെന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഏത് സാഹചര്യത്തിലും വ്യതിചലിക്കുന്നത് തെറ്റാണെന്നും, വോട്ട് ചെയ്യാതിരിക്കുകയോ എതിർസ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയോ ചെയ്ത നടപടി പാർട്ടി ഭരണഘടനയുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതികൾ പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും തെറ്റുകൾ ഏറ്റുപറയാനും തിരുത്താനും ശേഷിയുള്ള പ്രസ്ഥാനമാണ് സി.പി.എമ്മെന്നും ബേബി വ്യക്തമാക്കി.

നേതൃമാറ്റമെന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ട മാത്രമാണെന്നും പാർട്ടിയുടെ ബലഹീനതകൾ പരിഹരിച്ച് തിരികെ വരാനുള്ള പ്രവർത്തന പദ്ധതികളാണ് യോഗം ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമ്പത് പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നത്.