പികെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ജില്ലാ കമ്മിറ്റി; തീരുമാനം സിപിഎം നേതൃത്വത്തെ അറിയിക്കും

 

പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്നും ഒഴിവാക്കണം. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായതിനാൽ അച്ചടക്ക നടപടി നേരിട്ട ശശി ചെയർമാൻ പദത്തിൽ തുടരുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി.

സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും, പാർട്ടി ഓഫിസ് നിർമിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാർട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയിൽ ശശിക്കെതിരെ തെളിഞ്ഞിരുന്നു. ഇതിനുപിന്നാലെയായിരുന്നു സി.പി.എമ്മിന്റെ അച്ചടക്ക നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളും നഷ്ടപ്പെട്ട ശശി ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയിൽ നിന്നും ബ്രാഞ്ചംഗമായി മാത്രം മാറി.