വഴി തടഞ്ഞ് സിപിഎം പൊതുസമ്മേളനം : പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സത്യവാങ് മൂലത്തിൽ തൃപ്തിയില്ല: ഹൈക്കോടതി
Feb 10, 2025, 14:38 IST
വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം തിരുവനന്തപുരത്ത് റോഡിൽ വഴി തടഞ്ഞ് നടത്തിയതിൽ പൊലീസ് അധിക സത്യവാങ്മൂലം നൽകണം. ഹൈക്കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സത്യവാങ് മൂലത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് മാർച്ച് മൂന്നിന് പരിഗണിക്കാനായി മാറ്റി.
സിപിഎം നേതാക്കളായ എം.വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, വി.ജോയി എന്നിവർ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. തങ്ങൾ ചെയ്തതിനെ ന്യായീകരിക്കുന്നില്ലെന്ന് നേതാക്കൾ കോടതിയിൽ പറഞ്ഞു. എന്നാൽ സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡെന്ന് കോടതി ഓർമ്മിപ്പിച്ചു. നേതാക്കൾ ഇനി നേരിട്ട് ഹാജരാകേണ്ടെന്ന് പറഞ്ഞ കോടതി എല്ലാവരോടും സത്യവാങ്മൂലം ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഉദ്യഗസ്ഥർ മാപ്പ് പറഞ്ഞത് കൊണ്ട് പരിഹാരമാകുന്നില്ലെന്നും കോടതി പറഞ്ഞു.