സിപിഎം ശ്രമം കലാപമുണ്ടാക്കാൻ, എല്ലാത്തിനും പരിധിയുണ്ട്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അംഗീകരിക്കാനാവില്ല: രമേശ് ചെന്നിത്തല

 

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലും വിവിധ കേന്ദ്രങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് സിപിഎം നടത്തിയത് ബോധപൂർവ്വമായ അക്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിയിലും കോഴിക്കോട്ടും യാതൊരു പ്രശ്നങ്ങളുമില്ലാതെ പരിശോധന പൂർത്തിയാക്കി ഇഡി ഉദ്യോഗസ്ഥർ മടങ്ങിയപ്പോൾ, തിരുവനന്തപുരത്ത് മാത്രം ആസൂത്രിതമായി സംഘർഷം അഴിച്ചുവിടുകയായിരുന്നുവെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാരിനോ പൊലീസിനോ മുൻകൂട്ടി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും അക്രമം നടത്തില്ലെന്നും പൊലീസിന് ഉറപ്പുനൽകിയ ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ അക്രമം അരങ്ങേറിയത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മൂന്ന് വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. അക്രമികളെ പാർട്ടി ഓഫീസിനുള്ളിൽ ഒളിപ്പിച്ച് സംരക്ഷിക്കാനാണ് നേതാക്കൾ ശ്രമിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ പൊലീസിന്റെ കർശനമായ നിലപാട് മൂലം മണിക്കൂറുകൾക്കകം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തെ സംയമനത്തോടെയും കടുത്ത നിലപാടിലൂടെയുമാണ് പൊലീസ് നിയന്ത്രിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നിയമം കയ്യിലെടുക്കാനും ജനജീവിതം സ്തംഭിപ്പിക്കാനുമുള്ള നീക്കം അപലപനീയമാണ്. അക്രമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കെതിരെയും കടുത്ത നടപടിയുണ്ടാകും. കൂടുതൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസിന്റെ പക്കലുണ്ട്. പ്രകടനങ്ങൾ നടത്തുന്നതിനോ പ്രതിഷേധിക്കുന്നതിനോ ആരും എതിരല്ലെന്നും എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ വിഷയത്തിന് പിന്നാലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ടും തലസ്ഥാനത്ത് നിയമവാഴ്ച തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ചവർ തന്നെ ഇവിടെ സംഘർഷമുണ്ടാക്കാൻ നോക്കിയാൽ അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.