നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം; എസ്പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

 

നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക സംഘത്തെ സർക്കാർ രൂപീകരിച്ചു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച് ശ്രദ്ധേയനായ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ആരോപണവിധേയരായ സുരക്ഷാ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് തൽക്കാലം മാറ്റിനിർത്തില്ലെന്നും, ക്രൈംബ്രാഞ്ച് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇവർക്കെതിരെ തുടർനടപടികൾ ഉണ്ടാകൂ എന്നും ഡിജിപി വ്യക്തമാക്കി. കേസിൽ പുനരന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. മർദ്ദനത്തിന് വ്യക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടും പോലീസ് നടപടി വൈകിയ സാഹചര്യത്തിലാണ് ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ ടീമിനെ നിയോഗിച്ചത്.

ആലപ്പുഴ നിയുക്ത എംഎൽഎ എ.ഡി. തോമസ് അടക്കമുള്ള കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കാണ് അന്ന് ക്രൂരമായി മർദ്ദനമേറ്റത്. നവകേരള സദസിന്റെ വിഐപി വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റ് സുരക്ഷാ ജീവനക്കാരും ചേർന്ന് ലാത്തിയും കൈയും ഉപയോഗിച്ച് മർദ്ദിച്ചതായിരുന്നു വിവാദങ്ങൾക്ക് ആധാരം. എന്നാൽ ഈ സംഭവത്തെ 'പ്രതിഷേധക്കാരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം' എന്ന് അന്ന് മുഖ്യമന്ത്രിയും ഭരണപക്ഷവും ന്യായീകരിച്ചത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ചിരുന്നു. ആദ്യ ഘട്ടത്തിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കാണിച്ച് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. പുതിയ പ്രത്യേക അന്വേഷണസംഘം (SIT) സംഭവസ്ഥലത്തെ ദൃശ്യങ്ങളും സാക്ഷിമൊഴികളും വീണ്ടും വിശദമായി പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും.