അമ്മ'യിൽ വീണ്ടും പ്രതിസന്ധി; രാജി ഔദ്യോഗികമായി സമർപ്പിക്കാതെ മുൻ ഭരണസമിതി

 

താരസംഘടനയായ 'അമ്മ'യിൽ വീണ്ടും പ്രതിസന്ധി. ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയും ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനിടെ, രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റി 'അമ്മ' ഓഫീസിൽ യോഗം ചേർന്നു. ഇന്നത്തെ യോഗത്തിൽ നിലവിലുള്ള ഭരണസമിതിയുടെ സെക്രട്ടറി ആയിട്ടുള്ള കുക്കു പരമേശ്വരനും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന.

ജൂൺ 21 നു നടന്ന ജനറൽ ബോഡി യോഗത്തിനിടയിലെ കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിലാണ് താൻ പദവി ഒഴിയുകയാണെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയത്. എന്നാൽ സംഘടനയുടെ ബൈലോ പ്രകാരം നൽകേണ്ട ഔദ്യോഗിക രാജിക്കത്ത് അവർ ഇതുവരെ കൈമാറിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശ്വേത മേനോനും ഭരണസമിതിയും നിയമപരമായി ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്.

പ്രസിഡന്റിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘടനയുടെ താൽക്കാലിക ചുമതലകൾക്കായി ഒരു അഡ്‌ഹോക് സമിതി രൂപീകരിച്ചത്. എന്നാൽ ഔദ്യോഗിക ഭരണസമിതി നിലനിൽക്കുമ്പോൾ മറ്റൊരു താൽക്കാലിക സമിതി രൂപീകരിക്കാൻ 'അമ്മ'യുടെ ബൈലോ അനുശാസിക്കുന്നില്ലെന്ന് ഒരു വിഭാഗം അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണപ്രഭ, ആശാ അരവിന്ദ് എന്നിവരടങ്ങുന്ന ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ പ്രവർത്തിക്കുന്നത്.