ഷാഫി പറമ്പിലിനെതിരായ വിമർശനം; രാജ്മോഹൻ ഉണ്ണിത്താന് പിന്തുണയുമായി മറിയാമ്മ ഉമ്മൻ

 

ഷാഫി പറമ്പിലിനെതിരായ വിമർശനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് പിന്തുണയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. ഉണ്ണിത്താൻ പറഞ്ഞത് ശരിയാണെന്നും നട്ടെല്ല് നിവർത്തി കാര്യങ്ങൾ തുറന്നുപറഞ്ഞയാളാണ് അദ്ദേഹമെന്നും മറിയാമ്മ ഉമ്മൻ പ്രതികരിച്ചു.

ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉമ്മൻചാണ്ടിയുടെ കാലത്ത് കൊച്ചുകുട്ടികളായിരുന്നുവെന്നും അന്ന് 'എ' ഗ്രൂപ്പിനെ നയിക്കാൻ മുതിർന്ന നേതാക്കളുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് കോൺഗ്രസിന് ഭരണം ലഭിച്ചത്. അത് നന്നായി മുന്നോട്ടുകൊണ്ടുപോകണം. ഉമ്മൻചാണ്ടിയെ വേട്ടയാടിയപ്പോൾ മാറിനിന്നവർ നിരവധിയുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ ഡയറിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ജെ.എസ്. അഖിലിന്റെ പേര് ഉണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്‌നേഹിച്ചിരുന്നു. എന്നാൽ തിരിച്ചും അതേ സ്‌നേഹം ഉണ്ടായിരുന്നോ എന്ന് തനിക്ക് പറയാനാകില്ലെന്നും മറിയാമ്മ ഉമ്മൻ കൂട്ടിച്ചേർത്തു.

രാജ്മോഹൻ ഉണ്ണിത്താൻ ഉമ്മൻചാണ്ടിയെ ശക്തമായി പിന്തുണച്ചപ്പോൾ മറ്റ് പലരും മാറിനിന്നു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് നേരിടേണ്ടിവന്ന സൈബർ ആക്രമണം മറ്റാർക്കും നേരിടേണ്ടിവന്നിട്ടില്ലെന്നും അവർ പറഞ്ഞു. ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഉപയോഗിക്കാത്തതിനാൽ മനഃസമാധാനമുണ്ടെന്നും മറിയാമ്മ ഉമ്മൻ പ്രതികരിച്ചു.

രാജ്മോഹൻ ഉണ്ണിത്താനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മറിയാമ്മ ഉമ്മന്റെ പ്രതികരണം.