കോടികൾ നൽകിയാൽ ഉന്നത പദവി; വിദ്യയ്ക്ക് പിന്നാലെ ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനും അജ്ഞാത കോൾ
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ട തട്ടിപ്പ് സംഘം, എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരെയും വിളിച്ചതായി റിപ്പോർട്ട്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേനയാണ് ഇവർക്കും അജ്ഞാത ഫോൺ കോളുകൾ ലഭിച്ചത്. കോടികൾ നൽകിയാൽ ഉന്നത പദവികൾ നൽകാമെന്നായിരുന്നു വാഗ്ദാനം.
സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആൾമാറാട്ടം, വഞ്ചന, സാമ്പത്തിക തട്ടിപ്പുശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കോടികൾ നൽകിയാൽ ഷാഫിക്കും ഡീനിനും ഉന്നത പദവികളും, ഇവർക്കൊപ്പമുള്ളവർക്ക് മികച്ച സ്ഥാനങ്ങളും നൽകാമെന്നാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്തത്.
നേരത്തെ, സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിപദം ശരിയാക്കാമെന്നും കാണിച്ച് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനും ഇതേ സംഘത്തിന്റെ കോൾ ലഭിച്ചിരുന്നു. വിദ്യ ബാലകൃഷ്ണൻ നൽകിയ പരാതിയിൽ വയനാട് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് കൂടുതൽ കോൺഗ്രസ് ജനപ്രതിനിധികൾക്കും സമാനമായ കോളുകൾ ലഭിച്ച വിവരം പുറത്തുവരുന്നത്. കോൾ വന്ന ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.