കസ്റ്റഡി മർദന വിവാദം: മുഖ്യമന്ത്രിയെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

 

കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരയായ സുജിത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞ ആരോപണങ്ങൾക്കെതിരെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത്ത് കേസുകളിൽ പ്രതിയാകുന്നത് സ്വാഭാവികമാണ്. സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ 100ൽ കുടുതൽ കേസുകളിൽ പ്രതികളായ പ്രവർത്തകർ വരെ യൂത്ത് കോൺഗ്രസിലുണ്ടെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'സുജിത്തിന്റെ പേരിലുള്ളത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദിക്കാനുള്ള മാനദണ്ഡമല്ലല്ലോ? ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികളല്ലേ? അങ്ങയെ പിന്തുണക്കുന്ന ഭരണപക്ഷ എംഎൽഎമാർ പ്രതികളല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദിക്കുമോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു