കസ്റ്റഡി മർദ്ദനം; യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശം
പൊലീസ് കസ്റ്റഡി മർദ്ദനത്തിന് ഇരയായ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. മുൻ എംപി വി.എം. സുധീരൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.
സുജിത്ത് കടുത്ത ശാരീരിക മർദ്ദനത്തിനും പീഡനത്തിനും ഇരയായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുധീരന്റെ പരാതി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കമ്മീഷൻ നടപടിക്രമങ്ങളുടെ ഭാഗമായി നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു. തുകയുടെ ചെലവ് നടപ്പുസാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിലെ പ്രത്യേക അക്കൗണ്ട് ഹെഡിൽനിന്ന് വഹിക്കണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിൽ സന്തോഷമുണ്ടെന്ന് സുജിത്ത് പ്രതികരിച്ചു. എന്നാൽ തന്നെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിടുകയും അർഹമായ ശിക്ഷ ലഭിക്കുകയും ചെയ്യുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും സുജിത്ത് വ്യക്തമാക്കി.