ഡോൾഫിൻ' ചുഴലിക്കാറ്റ്;സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 14 ഡാമുകൾ തുറന്നു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പസഫിക് മഹാസമുദ്രത്തിലെ 'ഡോൾഫിൻ' ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം മഴ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസവും 14 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 26 പേർ മരിച്ചു. 27,048 പേരാണ് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴയിൽ 53 വീടുകൾ പൂർണമായും 588 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് ഇതുവരെ 67.44 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 14 ഡാമുകൾ തുറന്നിട്ടുണ്ട്. മഴ സാഹചര്യം കണക്കിലെടുത്ത് ദുരിതബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.