കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
കേരള തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ശനിയാഴ്ച മഴയുടെ വ്യാപ്തി കൂടുതൽ വർധിക്കാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും ഇടിമിന്നലോടുകൂടിയ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ. താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.