ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയെ കൊലപ്പെടുത്തി; പ്രതി പൊലീസിൽ കീഴടങ്ങി

 

തൃശൂർ ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മലപ്പുറം വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തേഞ്ഞിപ്പലം സ്വദേശി വിജീഷ് (41) പൊലീസിന് മുന്നിൽ കീഴടങ്ങി.

ബുധനാഴ്ച രാവിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തിയാണ് വിജീഷ് കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്തെ ഹന്ന റസിഡൻസിയിൽ ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരുവരും ചെറുതുരുത്തിയിലെത്തി മുറിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ആറ് വർഷമായി ഇരുവരും പരിചയത്തിലായിരുന്നു.

തന്നെ വിവാഹം ചെയ്യാൻ ധനലക്ഷ്മി നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിജീഷ് പൊലീസിന് നൽകിയ മൊഴി. ചൊവ്വാഴ്ച രാത്രി തന്നെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.