കാണാതായ മത്സ്യത്തൊഴിലാളികൾക്കായി 12-ാം ദിവസവും തുടരുന്നു: ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ ഫിഷറീസ് മന്ത്രി സന്ദർശിച്ചു

 

തിരുവനന്തപുരത്തും കൊല്ലത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി 12-ാം ദിവസവും തിരച്ചിൽ തുടരുന്നു. തിരച്ചിൽ നിർത്തിവയ്ക്കില്ലെന്ന് സർക്കാർ അറിയിച്ചു.കൊല്ലം നീണ്ടകരയിൽനിന്ന് കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചാൽ ഇന്നും പുരോഗമിക്കുകയാണ്. കോസ്റ്റ് ഗാർഡും തീരദേശ പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. ഗൗതം കൃഷ്ണയുടെ കുടുംബത്തെ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ സന്ദർശിച്ചു.

മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിനായി നേവിയുടെ ഐഎൻഎസ് കൽപ്പേനിയുടെ നേതൃത്വത്തിലാണ് പരിശോധന. ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് പരിശോധന നടത്താൻ സോണാർ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനായി കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളും തിരച്ചിലിന്റെ ഭാഗമാണ്. ഇതിനിടെ, കൊല്ലത്ത് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളി, പാറശ്ശാല സ്വദേശി കിരണിന്റെ മൃതദേഹം കണ്ടെത്തി.